Download printer friendly
PDF version, MS Word
doc OR OpenOffice
ODT.
അന്നാ ഹസാരെയുടെ സമരം എന്തിനുവേണ്ടി?
നമ്മുടെ റോഡുകളുടെ ദുരവസ്ഥ ഏവര്‍ക്കും അറിയാവുന്നതാണല്ലോ? കൃത്യമായി നികുതികള്‍ അടച്ചിട്ടും, ലോകത്തില്‍ വച്ചുതന്നെ കൂടിയ നികുതി നല്‍കി പെട്രോളും ഡീസലും വാങ്ങിയിട്ടും നമ്മുടെ റോഡുകള്‍ മാത്രം ഈ രീതീയില്‍ തുടരുന്നതെന്തുകൊണ്ട്? നികുതിയിനത്തില്‍ നാം സര്‍ക്കാരിന് നല്‍കുന്ന അതിഭീമമായ ഈ തുക എങ്ങോട്ടു പോകുന്നു? സ്വന്തമായി ചാന്ദ്രദൌത്യം വരെ പൂര്‍ത്തിയാക്കിയ ഈ രാജ്യത്തിന് മെച്ചപ്പെട്ട റോഡുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ ഇനിയും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലേ?
എന്‍ഡോസള്‍ഫാന്‍ കെടുതികളുടെ ഏറ്റവും വലിയ ദൃക്സാക്ഷികളാണു നാം. നമ്മുടെ നാട്ടിലെ ദാരുണ സംഭവങ്ങളുടെ ചിത്രങ്ങള്‍ കണ്ടു എന്ന ഒരൊറ്റ കാരണം കൊണ്ട് ഏതാനും രാഷ്ട്രങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഭരണവര്‍ഗ്ഗത്തിന്റെ തെറ്റുകൊണ്ട് മാത്രം കണ്ണീരുകുടിച്ച് തളര്‍ന്നിരിക്കുന്നവരെ പല്ലിളിച്ചുകാണിച്ചുകൊണ്ട് നമ്മുടെ അധികാരികള്‍ പറയുന്നു - എന്‍ഡോസള്‍ഫാന്‍ ഉപയോഗമല്ല കാസര്‍ഗോഡിന്റെ കെടുതികളുടെ കാരണമെന്ന് ! ആ പാവം മനുഷ്യരുടെ സ്ഥാനത്ത് നമ്മെയും നമ്മുടെ മക്കളെയും സങ്കല്‍പിക്കാന്‍ കഴിയുമോ? എന്നാല്‍ സങ്കല്‍പിച്ചു നോക്കുക. ഈ സ്ഥിതി തുടരുകയാണെങ്കില്‍ നമ്മുടെ അവസ്ഥയും മറ്റൊന്നാകില്ല.
സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്നത്തെ അവസ്ഥ എന്താണ്? സാധാരണക്കാരന് ആവശ്യമായ മരുന്നുകള്‍ ആശുപത്രികളില്‍ ലഭ്യമാകുന്നുണ്ടോ? ഇതിനൊക്കെയായി സര്‍ക്കാര്‍ വകയിരുത്തുന്ന തുക എങ്ങോട്ടു പോകുന്നു? യാതൊരു സൌകര്യവുമില്ലാത്ത കുടുസുമുറികളില്‍ ഒരു സുരക്ഷിതത്വവുമില്ലാത്ത സാഹചര്യത്തില്‍ സമയമാകുന്നതിനു മുന്നെ തന്നെ മിനിറ്റുകള്‍ വച്ച് നടത്തിയ സിസേറിയന്‍ ശസ്ത്രക്രിയകള്‍ ലോകത്ത് വേറെയെവിടെയെങ്കിലും നടക്കുമോ? മൃതപ്രായരായ രോഗികളില്‍ നിന്നുപോലും ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങാന്‍ ധൈര്യപ്പെടുന്നതെന്തുകൊണ്ട്? ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കൃത്യവിലോപത്തിനെതിരെ പൊതുജനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന അവസ്ഥയല്ലേ ഈ സ്ഥിതിക്ക് കാരണം?
ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റും മുന്‍പില്ലാത്ത രീതിയിലാണ് വിലവര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇതേ അവസരത്തില്‍ ഫുഡ് കോര്‍പ്പറേഷന്റെ (FCIയുടെ) ഗോഡൌണുകളില്‍ വേണ്ട രീതിയില്‍ സംരക്ഷിക്കാത്തതിനാല്‍ ഉപയോഗശൂന്യമാകുന്ന ഭക്ഷ്യവിഭവങ്ങളുടെ അളവ് എത്രയോ വലുതാണ്. പകുതിയിലധികം ഇന്ത്യക്കാര്‍ പട്ടിണികിടക്കുമ്പോഴാണിത്. എന്തുകൊണ്ടാണ് ഇതിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ഈ വിധം നിരുത്തരവാദികളായി പെരുമാറുന്നത്?
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനമാണെങ്കില്‍ പറയുകയേ വേണ്ട. ഒരു നിസാരമായ കാര്യം ശരിയാക്കിയെടുക്കണമെങ്കില്‍ പോലും ഒട്ടനവധി തവണ ഓഫീസുകളില്‍ കയറിയിറങ്ങണമെന്നതാണ് ഇന്നത്തെ സ്ഥിതി. കൈക്കൂലിയും നല്‍കേണ്ടിവരും. എന്റെയും നിങ്ങളുടെയും കൈയില്‍ നിന്ന് പിരിച്ചെടുക്കുന്ന പണമാണ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ശമ്പളമായി നല്‍കുന്നതെന്ന വസ്തുത അവരില്‍ ചിലര്‍ ബോധപൂര്‍വ്വം മറന്നിരിക്കുന്നു. പൊതുജനങ്ങളെ സേവിക്കുന്നതിനായിട്ടാണ്, നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് സര്‍ക്കാരും സര്‍ക്കാരുദ്യോഗസ്ഥരും എന്ന കാര്യം അവരെ നമുക്കൊന്നോര്‍മിപ്പിക്കണ്ടേ?
സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ അര്‍ഹരായവര്‍ പിന്‍തള്ളപ്പെടുകയും അനര്‍ഹര്‍ കടന്നുകൂടുകയും ചെയ്യുന്നു. റേഷന്‍ സംവിധാനം താറുമാറായികിടക്കുന്നു. ഓഫീസുകളില്‍ ഹാജരാകാതെ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥര്‍. അഴിമതിമൂലം പൊതുജനങ്ങളുടെ ഖജനാവില്‍ നിന്നും കോടിക്കണക്കിന് പണം കൊള്ളചെയ്യപ്പെടുന്നു. തട്ടിപ്പിലുള്‍പ്പെടുന്ന ഉന്നതന്മാര്‍ പിടിക്കപ്പെടുകയോ മതിയായ രീതിയില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. വിദേശ ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങളും ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങളും പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിന്? പൊതുജനത്തോട് സുതാര്യത പുലര്‍ത്താന്‍ കഴിയുന്നവര്‍ മാത്രം പൊതുസേവകരായാല്‍ പോരെ?
ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങളുടെയും മുഖ്യകാരണം അഴിമതിയാണ്. കൈക്കൂലിയും അഴിമതിയില്‍ പെടുന്നു. അഴിമതിക്കാരെ കൈയ്യോടെ പിടികൂടാനും ശിക്ഷിക്കാനുമുള്ള ശക്തമായ നിയമം നമുക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഇത്രയേറെ അതിക്രമം ഇവിടെ നടക്കുമോ? സത്യസന്ധവും സമയബന്ധിതവുമായി അന്വേഷണം നടത്തി അഴിമതിക്കാരെ ശിക്ഷിക്കുന്ന ഒരു നിയമം നമുക്ക് അത്യാവശ്യമാണ്. കഴിഞ്ഞ 43 വര്‍ഷമായി ഇത്തരമൊരു നിയമ നിര്‍മാണത്തിന് വേണ്ടി ലോക്പാല്‍ ബില്‍ പാര്‍ലമെന്റിലേക്കയയ്ക്കുന്നു. ഇന്നുവരെ അത് പാസാക്കിയിട്ടില്ല. പൌരസമൂഹത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഈ ബില്‍ അവതരിപ്പിച്ചിരിക്കുന്നത് പോലും. എന്നാല്‍ അഴിമതി ഇല്ലായ്മ ചെയ്യാന്‍ വേണ്ടി കൊണ്ടുവരാന്‍ പോകുന്ന സര്‍ക്കാര്‍ ലോക്പാലില്‍ അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ അപായപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രമാണുള്ളത്. ഈ ബില്‍ ഇതേ രീതിയില്‍ തന്നെ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ പൊതുമുതല്‍ കട്ടുമുടിക്കാന്‍ പുതിയൊരു വഴികൂടി എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നും പ്രതീക്ഷിക്കാനില്ല.
സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ലോക്പാല്‍ കരട് ബില്ലിനോട് യോജിക്കാനാവില്ലെന്നും നടപ്പാക്കാനുദ്ദേശിക്കുന്ന ബില്ലിന് അഴിമതി തടയാനാവില്ലെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തലശ്ശേരിയില്‍ വച്ച് അഭിപ്രായപ്പെട്ടിരുന്നു. അഴിമതി തടയാന്‍ കഴിയുന്ന സമഗ്ര ലോക്പാലിനുവേണ്ടിയുള്ള പോരാട്ടത്തിന് തയ്യാറാകാനും അദ്ദേഹം അന്ന് ആഹ്വാനം ചെയ്തിരുന്നു (മാതൃഭൂമി 30/7/2011).
അഴിമതിക്കെതിരെ ഏറ്റവും ഫലവത്താകുന്ന ഒരു ബില്‍ (ജന ലോക്പാല്‍) പൌരസമൂഹ പ്രതിനിധികളുടെ നേതൃത്വത്തില്‍ ജസ്റ്റിസ് സന്തോഷ് ഹെഡ്ഗേ (കര്‍ണ്ണാടക ലോകായുക്ത), പ്രശാന്ത് ഭൂഷണ്‍ (സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍), ശാന്തിഭൂഷണ്‍, അരവിന്ദ് കേജ്രിവാള് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കുറ്റാരോപിതരാകുന്ന കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കെതിരെ, അത് പ്രധാനമന്ത്രി ആയിരുന്നാല്‍ പോലും, സര്‍ക്കാരിന്റെ അനുമതിതേടാതെ തന്നെ നിയമ നടപടികളെടുക്കുന്നതിനും അഴിമതിക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കുന്നതിനും സാധിക്കും.
സുപ്രീം കോടതി സിറ്റിങ് ജഡ്ജി ജസ്റ്റിസ് ഗാംഗുലി, ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ മുതലായ പ്രമുഖര്‍ പ്രധാനമന്ത്രിയെയും, ജുഡീഷ്യറിയെയും ലോക്പാലിനു കീഴില്‍ തീര്‍ച്ചയായും കൊണ്ടുവരണമെന്ന അഭിപ്രായക്കാരാണ്. പ്രധാന മന്ത്രി മന്മോഹന് സിങ് ലോക്പാലിന്റെ പരിധിയില്‍ വരുന്നതിന് സന്നദ്ധനാണെന്ന് ഒന്നിലധികം തവണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ലോക്പാലിന്റെ പരിധിയില്‍ പ്രധാന മന്ത്രിയും ജുഡീഷ്യറിയും കീഴുദ്യോഗസ്ഥരും ഒന്നും തന്നെ ഉള്‍പ്പെട്ടിട്ടില്ല.
അഴിമതിക്കെതിരെ ചെറുവിരലനക്കാന്‍ പോലും സര്‍ക്കാരിന് ഉദ്ദേശമില്ലെന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെ പൊതുജനങ്ങളുടെ ശക്തമായ ഇടപെടലുണ്ടെങ്കില്‍ മാത്രമേ അഴിമതി ഇല്ലാതാക്കാനുള്ള ജനലോക്പാല്‍ നിയമം പ്രാബല്യത്തില്‍ വരൂ. ഇതിനായിട്ടാണ് അന്നാ ഹസാരേയുടെ നേതൃത്വത്തിലുള്ള പൌരസമൂഹം സമരം ആരംഭിച്ചിരിക്കുന്നത്. ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല. നമ്മുടെ സമരം പരിപൂര്‍ണ്ണമായും അക്രമ രഹിതമായിരിക്കും, അന്ത്യം വരെ പൊരുതാന്‍ നാം തയ്യാറായിരിക്കുകയുമാണ്. കാരണം രാജ്യം മുഴുവനും അഴിമതിക്കെതിരായ ജനവികാരം ശക്തമായിരിക്കുന്ന സമയമാണിത്. ഈ അവസരം പാഴാക്കിയാല്‍ അഴിമതിക്കെതിരായ ശക്തമായ നിയമം കൊണ്ടുവരാന്‍ ഇനിയൊരവസരം കിട്ടിയെന്നു വരില്ല.
എന്നാല്‍ അഴിമതിക്കെതിരായ ഈ സമരം വിജയിക്കണമെങ്കില്‍ നാം ഓരോരുത്തരുടെയും പിന്തുണ അത്യാവശ്യമാണ്. അഴിമതിരഹിത ഭാരതത്തിനായി പ്രവര്‍ത്തിക്കേണ്ടത് നാമോരോരുത്തരും തന്നെയാണ്. ഈ സമരം പാവപ്പെട്ടവന്റെ നിലനില്‍പിനു വേണ്ടിയുള്ളതാണ്. അഴിമതിക്കെതിരായ ഈ സമരത്തില്‍ ജാതി-മത-ലിംഗ-കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ നിങ്ങളും ഞങ്ങളോടൊപ്പം പങ്കുചേരില്ലേ?
കണ്ണൂര്‍,
11/08/2011
Download printer friendly
PDF version, MS Word
doc OR OpenOffice
ODT.